ലീഡ്സ്: ബ്രിട്ടനിലെ ലീഡ്സിൽ ഫ്ലാറ്റിന്റെ അഞ്ചാം നിലയിലെ ജനലിലൂടെ വീണ് ഏഴുമാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം അന്വേഷണ റിപ്പോർട്ടും കോറണർ കോടതിയുടെ ഉത്തരവും പുറത്തുവന്നു.
2024 ഒക്ടോബർ 22ന് ബെർമാന്റോഫ്റ്റ്സിലെ ഷേക്സ്പിയർ ടവറിൽ നടന്ന അപകടത്തിൽ എമ്മ ആറ്റ്കിൻസൺ (38) എന്ന യുവതിയാണ് മരിച്ചത്.
എന്നാൽ, ഇവരുടെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞിനെ ലണ്ടൻ ജനറൽ ഇൻഫർമറിയിലെ ഡോക്ടർമാർ അടിയന്തര സിസേറിയൻ ശസ്ത്രക്രിയയിലൂടെ അത്ഭുതകരമായി ജീവനോടെ പുറത്തെടുത്തു.
അപകടത്തിൽ ശ്വാസകോശത്തിന് പരിക്കേൽക്കുകയും കാൽ അസ്ഥിക്ക് ഒടിവ് സംഭവിക്കുകയും ചെയ്ത കുട്ടി ആഴ്ചകളോളം അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
നിലവിൽ 21 മാസം പ്രായമുള്ള പെൺകുട്ടി പൂർണ ആരോഗ്യവതിയായി ബന്ധുക്കളുടെ സംരക്ഷണത്തിൽ വളർന്നുവരുന്നതായി കോടതിയെ അറിയിച്ചു.
ജീവനൊടുക്കിയതാണോ എന്നതിൽ വ്യക്തതയില്ലെന്ന് കോടതി
വെയ്ക്ക്ഫീൽഡ് കോറണർ കോടതിയിൽ വ്യാഴാഴ്ച നടന്ന വാദങ്ങൾക്കൊടുവിൽ കോറണർ നവോമി മക്ലോഗ്ലിൻ പ്രസ്താവിച്ച വിധിയിൽ എമ്മ ആറ്റ്കിൻസൺ സ്വയം ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു എന്ന് സ്ഥിരീകരിച്ചെങ്കിലും ജീവനൊടുക്കാനുള്ള ഉദേശ്യത്തോടെയാണോ ഇത് ചെയ്തതെന്ന് നിശ്ചയിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി.
ഫ്ലാറ്റിന്റെ ജനലിലുണ്ടായിരുന്ന സുരക്ഷാ ലോക്കുകൾ എമ്മ സ്വയം അഴിച്ചുമാറ്റിയതും വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കോടതി പരിശോധിച്ചു.
എന്നാൽ അപകടത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ എമ്മ സാധാരണ രീതിയിൽ പെരുമാറിയിരുന്നതായും കുടുംബത്തോടൊപ്പം ഭാവി പരിപാടികൾ ആസൂത്രണം ചെയ്തിരുന്നതായും തെളിവുകൾ വ്യക്തമാക്കുന്നു.
അതിനാൽ യുവതി ജീവനൊടുക്കിയതാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്ന് കോറണർ നിരീക്ഷിച്ചു.
കടയിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ച കേസും മാനസിക സമ്മർദവും
ചെറിയ രീതിയിലുള്ള മോഷണക്കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് തടവുശിക്ഷ ലഭിച്ചേക്കുമോ എന്ന ഭയവും മാനസിക ബുദ്ധിമുട്ടുകളും എമ്മ അനുഭവിക്കുന്നുണ്ടായിരുന്നെന്ന് കേസിന്റെ വാദത്തിനിടെ വെളിപ്പെട്ടു.
അപകടദിവസം രാവിലെ എമ്മ പിതാവ് ഡേവിഡ് ആറ്റ്കിൻസണിന്റെ ഫ്ലാറ്റ് സന്ദർശിക്കാനെത്തിയതായിരുന്നു. സ്വീകരണമുറിയിലെ ജനലിന്റെ പൂട്ട് അഴിച്ച് സിഗരറ്റ് വലിക്കുകയായിരുന്ന മകളോട് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ, പേടിക്കേണ്ട, കുറച്ച് ശുദ്ധവായു ശ്വസിക്കാൻ തുറന്നതാണ് എന്നായിരുന്നു മറുപടി.
എന്നാൽ തൊട്ടുപിന്നാലെ ഞാൻ പോകുന്നു എന്ന് പറഞ്ഞ് തലകീഴായി പുറത്തേക്ക് വീഴുകയായിരുന്നുവെന്ന് പിതാവിന്റെ മൊഴിയിൽ പറയുന്നു. മകൾ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് പിതാവ് വിശ്വസിക്കുന്നത്.
എന്നാൽ, എമ്മ ഒരിക്കലും സ്വന്തം മക്കളെ ഉപേക്ഷിച്ചു പോകില്ലെന്നും മക്കളായിരുന്നു അവളുടെ ലോകമെന്നും വാദത്തിനിടെ മറ്റ് കുടുംബാംഗങ്ങൾ കോടതിയിൽ പറഞ്ഞു.